
ദോഹ: ഖത്തറിലെ ഭക്ഷ്യ-ഹോസ്പിറ്റാലിറ്റി മേഖലയിൽ 'ഡിസൈനർ കേക്കുകൾക്ക്' (Designer Cakes) പ്രിയമേറുന്നു. വിവാഹങ്ങൾ, ജന്മദിനങ്ങൾ, കുടുംബസംഗമങ്ങൾ, ദേശീയ ആഘോഷങ്ങൾ എന്നിവയ്ക്കായി തങ്ങളുടെ താല്പര്യത്തിനനുസരിച്ച് രൂപകൽപ്പന ചെയ്ത കേക്കുകൾ (Customised Cakes) തേടിയെത്തുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇതോടെ രാജ്യത്ത് പ്രൊഫഷണൽ കേക്ക് ആർട്ടിസ്റ്റുകൾക്കുള്ള ഡിമാൻഡും കുത്തനെ ഉയർന്നു.
ലബോൺ ഹോസ്പിറ്റാലിറ്റിയിലെ അലക്സ് സൊലാനോ, വാലിനോർ ബേക്കറിയിലെ എർവിൻ എസ്റ്റോർ എന്നീ പ്രമുഖ കേക്ക് ആർട്ടിസ്റ്റുകൾ പറയുന്നതനുസരിച്ച്, ആഘോഷങ്ങളിൽ വ്യത്യസ്തത ആഗ്രഹിക്കുന്ന ഖത്തറി കുടുംബങ്ങളാണ് ഇത്തരം കേക്കുകളുടെ പ്രധാന ഉപഭോക്താക്കൾ. ആഘോഷങ്ങളുടെ പകിട്ടു കൂട്ടാൻ കേക്കുകളുടെ തനതായ രൂപകൽപ്പനയ്ക്ക് അവർ വലിയ പ്രാധാന്യം നൽകുന്നു.
ടുറിസത്തിന്റെ വളർച്ച, ജനസംഖ്യാ വർദ്ധനവ്, ഉയർന്ന ഉപഭോഗ സംസ്കാരം എന്നിവ ഖത്തറിന്റെ ഫുഡ് സർവീസ് മേഖലയ്ക്ക് വലിയ ഊർജ്ജമാണ് നൽകുന്നത്. അടുത്തിടെ പുറത്തുവന്ന വിപണി ഗവേഷണ റിപ്പോർട്ടുകളും (Yahoo Finance, Mordor Intelligence) ഈ വളർച്ച ശരിവെക്കുന്നുണ്ട്.
പെരുന്നാളിനും ദേശീയദിനത്തിനും പത്തിരട്ടി വ്യാപാരം
ഖത്തർ നാഷണൽ ഡേ, റമദാൻ, ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ തുടങ്ങിയ വിശേഷദിവസങ്ങളിലാണ് ഡിസൈനർ കേക്കുകൾക്ക് ഏറ്റവും കൂടുതൽ ആവശ്യക്കാരുണ്ടാകുന്നത്. കഴിഞ്ഞ ഈദ് അവധി ദിനങ്ങളിൽ സാധാരണ ദിവസങ്ങളേക്കാൾ പത്തിരട്ടി ഓർഡറുകളാണ് ലഭിച്ചതെന്ന് എർവിൻ എസ്റ്റോർ വ്യക്തമാക്കുന്നു. ദേശീയദിനത്തിൽ മാത്രം അമ്പതിലധികം തീം കേക്കുകളാണ് ഒരു ബേക്കറിയിൽ നിന്ന് വിറ്റഴിയുന്നത്.കേക്കിംഗ് എന്നത് കേവലം സാങ്കേതിക പരിശീലനത്തിനപ്പുറം വലിയ സർഗ്ഗാത്മകതയും കഴിവും ആവശ്യമുള്ള കലയാണെന്ന് അലക്സ് സൊലാനോ പറയുന്നു. ഈ മേഖലയിൽ കഴിവുള്ളവരെ വാർത്തെടുക്കാൻ ഖത്തറിലെ ബിസിനസ്സ്-ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾ നൽകുന്ന മികച്ച പരിശീലനങ്ങളെയും നിക്ഷേപങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
സമീപകാലത്തായി ഈ മേഖലയിൽ പുതിയ സ്ഥാപനങ്ങൾ ധാരാളമായി കടന്നുവരുന്നുണ്ട്. എന്നാൽ ഇത് കടുത്ത മത്സരത്തിനപ്പുറം, വ്യവസായത്തിന്റെ ആരോഗ്യകരമായ വളർച്ചയ്ക്കും ഉപഭോക്താക്കൾക്ക് കൂടുതൽ വൈവിധ്യമാർന്ന ചോയ്സുകൾ ലഭിക്കുന്നതിനും കാരണമാകുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. സ്ഥിരം ഉപഭോക്താക്കളുടെ ശക്തമായ പിന്തുണയാണ് ഈ മേഖലയുടെ പ്രധാന കരുത്ത്.











